// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  22, 2018   Tuesday   10:16:18pm

news



whatsapp

സ്റ്റോക്ക്‌ഹോം: ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ എന്തു ചെയ്യണം എന്ന നിര്‍ദ്ദേശങ്ങൾ അടങ്ങിയ ഒരു ലഘുലേഖ രാജ്യത്തെ 4.8 മില്യൺ വീടുകളിൽ സ്വീഡിഷ് ഗവൺമെന്റ് വര്‍ഷങ്ങള്‍ക്ക്ശേഷം ആദ്യമായി വീണ്ടും വിതരണം ചെയ്യാന്‍ തുടങ്ങി.

ഭക്ഷണം, വെള്ളം എന്നിവയുടെ ലഭ്യത എങ്ങിനെ ഉറപ്പു വരുത്തണം, മുന്നറിയിപ്പ് സൂചനകളെ പറ്റിയുള്ള വിവരങ്ങൾ, ബോംബ് ഷെൽട്ടറുകൾ കണ്ടുപിടിക്കുന്നതെങ്ങനെ, സ്വീഡന്റെ "മൊത്തം പ്രതിരോധത്തിന്" എന്ത് സഹായം ചെയ്യാൻ പറ്റും എന്ന കാര്യങ്ങളാണ് ലഘുലേഖയിൽ വിശദീകരിക്കുന്നത്.

സൈറനുകൾ, യുദ്ധവിമാനങ്ങൾ, പലായനം ചെയ്യുന്ന കുടുംബാംഗങ്ങൾ എന്നിവരുടെ ചിത്രങ്ങളടങ്ങിയ 20-പേജുള്ള ലഘുലേഖ സൈബർ, ഭീകര ആക്രമണങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെപറ്റിയും, വ്യാജ വാർത്തകൾ അറിയാനുള്ള വഴികളെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്. "മറ്റു പല രാജ്യങ്ങളേക്കാളും സ്വീഡൻ സുരക്ഷിതമാണെങ്കിലും, ആളുകളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണി നിലനിൽക്കുന്നുണ്ട്," എന്ന് ലഘുലേഖ പറയുന്നു.

സമാനമായ ലഘുലേഖകൾ 1943-ൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോളാണ് നിഷ്പക്ഷമായി നിന്നിരുന്ന സ്വീഡനിൽ ആദ്യമായി വിതരണം ചെയ്തത്. പിന്നീട് 1961-വരെ സാധാരണ ജനങ്ങൾക്ക് പതിവായി ഇത്തരം ലഘുലേഖകൾ അയച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് 1991-വരെയും അവ കിട്ടിപോന്നിരുന്നു.

റഷ്യ ക്രിമിയയെ 2014-ൽ കൂട്ടിച്ചേര്‍ത്തതിന് ശേഷം റഷ്യൻ വിമാനങ്ങളും, അന്തർവാഹിനികളും സ്വീഡിഷ് അതിര്‍ത്തിക്കുള്ളിൽ നടത്തിയ കടന്നുകയറ്റത്തെത്തുടർന്ന് നടക്കുന്ന സുരക്ഷാ ചർച്ചകളും, സ്വീഡൻ നാറ്റോയിൽ ചേരാനുള്ള സാദ്ധ്യതയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ ലഘുലേഖയുടെ പ്രസിദ്ധീകരണമെന്നത് ശ്രദ്ധേയമാണ്.

സ്വീഡൻ 200 വർഷത്തിലേറെയായി മറ്റൊരു രാജ്യത്തോടും യുദ്ധം ചെയ്തിട്ടില്ല. പക്ഷെ തങ്ങൾക്ക് നേരെ വല്ല ആക്രമണവും ഉണ്ടാവുകയാണെങ്കിൽ, "ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല" എന്ന് ലഘുലേഖയിൽ സ്വീഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments


Page 1 of 0