ഈയുഗം ന്യൂസ് ബ്യൂറോ
May 19, 2018 Saturday 02:35:24pm
ദോഹ: റമദാൻ മാസത്തിൽ നോമ്പെടുക്കുന്നവരിൽ കാണപ്പെടുന്ന പ്രധാന ശാരീരിക പ്രശ്നം തലവേദനയാണെന്ന് പ്രമുഖ ഡോക്റ്റർ ഡോ. മുന അൽ ഗമറാവി പറഞ്ഞു. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങൾ ഉണ്ട് എന്ന് മനോരോഗ വിദഗ്തകൂടിയായ ഇവർ അൽ ശർഖ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചിലർക്ക് ശക്തമായ തലവേദനയാണ് ഉണ്ടാകാറുള്ളത്. ചിലർക്ക് നേരിയ തോതിലും. മറ്റു ചിലർക്ക് നോമ്പ് പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. പലരിലും നോമ്പ് സമയത്ത് തലവേദന അനുഭവപ്പെടാനുള്ള ഒരു പ്രാധന കാരണം രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നതാണ്.
തലച്ചോറിലെ കോശങ്ങൾക്ക് ശരിയായ പ്രവർത്തനത്തിന് ഒരു നിശ്ചിത അളവ് പഞ്ചസാര രക്തത്തിൽ നിന്നും ലഭിക്കേണ്ടതുണ്ട്. ഈ പ്രശ്നം കൂടുതൽ അനുഭവപ്പെടുക നോമ്പ് തുറയോട് അടുത്ത മണിക്കൂറികളിൽ ആണ്. അത്പോലെ ഭക്ഷണ ക്രമത്തിൽ ഉണ്ടാകുന്ന അസാധാരണമായ സമയ മാറ്റം ശരീരത്തിലെ ബയോളജിക്കൽ ക്ളോക്കിനെ ബാധിക്കുകയും തലവേദനക്ക് ഇടവരുത്തുകയും ചെയ്യുന്നു.
എന്നാൽ ഈ പ്രശ്നം ഏതാനും ദിവസത്തെ നോമ്പ് കൊണ്ട് തന്നെ പരിഹരിക്കപ്പെടും എന്ന് ഡോക്റ്റർമാർ പറയുന്നു. ചിലർക്കുണ്ടാവുന്ന തലവേദനയുടെ പ്രധാന കാരണം രക്തത്തിൽ കഫീൻ അളവ് കുറയുന്നതാണ്. ഇത് സ്ഥിരമായി ചായയും കാപ്പിയും കുടിക്കുന്ന ശീലമുള്ളവർക്കാണ് സംഭവിക്കുക. പുകവലിക്കുന്നവർക്ക് പുകവലി ഉപേക്ഷിക്കുന്നതിനാൽ രക്തത്തിൽ നികോട്ടിന് അളവ് കുറയുന്നതിനാലും തലവേദന ഉണ്ടാകുന്നു.
നോമ്പ് കാലത്തെ തലവേദനക്ക് ചില മാനസിക കാരണങ്ങളും ഉള്ളതായി ഡോ. മുന അൽ ഗമറാവി പറഞ്ഞു. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ അതിൽ മാറ്റം വരുത്തുമ്പോൾ തലവേദനയായി രോഗികളിൽ പ്രകടമാകാറുണ്ട്. അത്തരം രോഗികൾ ഡോക്റ്റർമാരുടെ നിർദേശം അനുസരിച്ചു മാത്രമായിരിക്കണം നോമ്പ് എടുക്കുന്നതും, മരുന്ന് സമയത്തിൽ മാറ്റം വരുത്തുന്നതും.
എന്നാൽ '' നോമ്പെടുക്കൂ , ആരോഗ്യം നേടൂ '' എന്ന പ്രവാചക വചനം അന്വർത്ഥമാണ് എന്നും തുടക്കത്തിൽ ഏതാനും ദിവസങ്ങളിൽ ഉണ്ടാകുന്ന ഇത്തരം ചെറിയ പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ മനുഷ്യ ശരീരത്തിനും മനസ്സിനും സമ്പൂർണ ആരോഗ്യം വീണ്ടെടുക്കാനുള്ള ഏറ്റവും നല്ല ഒന്നാണ് മുപ്പത് ദിവസം നീണ്ടു നിൽക്കുന്ന വ്യവസ്ഥാപിത ഉപവാസം എന്നും ഡോ. മുന അൽ ഗമറാവി പറഞ്ഞു.