മണിക്കൂറുകളോളം കാറില്‍ ഇരുന്നാൽ രക്തം കട്ടപിടിച്ചേക്കാം

ഈയുഗം ന്യൂസ് ബ്യൂറോ     May  07, 2018   Monday   05:43:12pm

news




ലണ്ടന്‍: ദീർഘനേരം കാറിലോ അല്ലെങ്കിൽ വിമാനത്തിലോ യാത്ര ചെയ്യുന്നത് വീനോസ് ത്രോമ്പോ എമ്പോളിസംസ് (സിരകളിൽ രക്തം കട്ട പിടിക്കുക) വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു.

ദീർഘനേരം ഇരുന്ന് യാത്ര ചെയ്താൽ ഉണ്ടാവുന്ന ആഘാതം വിലയിരുത്തുന്നതിനായി, 2016 ഏപ്രിലിൽ ജപ്പാനിലുണ്ടായ കുമമോട്ടോ ഭൂകമ്പത്തിന് ശേഷം അവിടെനിന്ന് കാറിൽ പലായനം ചെയ്തവരുടെ ആരോഗ്യ പ്രശ്നങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഗവേഷകർ ശേഖരിച്ചു. അവരിൽ പലർക്കും കാലുകളിലെ സിരകളിൽ രക്തം കട്ടിയായി ശ്വാസകോശങ്ങളിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയെന്ന് കനേഡിയൻ ജേണൽ ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

പ്രാദേശിക മെഡിക്കൽ സ്ഥാപനങ്ങൾ തയ്യാറാക്കിയ ചോദ്യാവലിയെ വിശകലനം ചെയ്തപ്പോൾ ഭൂകമ്പം ബാധിച്ചതിനെത്തുടർന്ന് 51 പേരേ വീനോസ് ത്രോമ്പോ എമ്പോളിസംസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കണ്ടെത്തി. ഇതിൽ 42 പേര്‍ (82.4 ശതമാനം) രാത്രി മുഴുവൻ ഒരു വാഹനത്തിൽ ചെലവഴിച്ചവരാണ്.

വാഹനങ്ങളിൽ രാത്രി മുഴുവന്‍ ചെലവഴിക്കുമ്പോൾ വരാൻ സാദ്ധ്യതയുള്ള വീനോസ് ത്രോമ്പോ എമ്പോളിസംസിനെ കുറിച്ച് ആരോഗ്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ അവബോധ പ്രവർത്തനങ്ങൾ അത്തരം രോഗികളുടെ എണ്ണം കുറയ്ക്കുമെന്ന്, ഗവേഷക സംഘത്തിന്‍റെ തലവനായ സെജി ഹോക്കിമോട്ടോ ചൂണ്ടിക്കാട്ടി.

വിമാനത്തിലോ, കാറിലൊ നീണ്ട സമയം യാത്ര ചെയ്യാൻ നിർബന്ധിതമാകുമ്പോൾ, ഒരേ ഇരിപ്പിൽത്തന്നെ ഇരിക്കാതെ ഇടയ്ക്കു എഴുന്നേററ് നടക്കേണ്ട ആവശ്യം ഈ പഠനം കാണിച്ചുതരുന്നതായി ഗവേഷകർ പറഞ്ഞു.


Sort by