സ്വീഡന്‍റെ ദേശീയ ആഹാരം ഉത്ഭവിച്ചത് തുര്‍ക്കിയില്‍ നിന്ന്

ഈയുഗം ന്യൂസ് ബ്യൂറോ     May  05, 2018   Saturday   09:19:39pm

news

സ്വീഡന്‍റെ ദേശീയ ആഹാരമായി പരക്കെ കണക്കാക്കുന്ന മീറ്റ്ബോൾസ്.




സ്റ്റോക്ക്ഹോം: സ്വീഡന്‍റെ ദേശീയ ആഹാരമായി പരക്കെ കണക്കാക്കുന്ന മീറ്റ്ബോൾസ് യഥാർത്ഥത്തിൽ തുർക്കിയിലെ വിഭവമാണെന്ന് സ്റ്റോക്ക്ഹോം അവസാനം സമ്മതിച്ചിരിക്കുന്നു.

"ഐക്കിയ സ്റ്റോറുകളിൽ ലഭിക്കുന്ന സ്വാദിഷ്ടമായ സ്വീഡിഷ് മീറ്റ്ബോൾസ് യഥാർത്ഥത്തിൽ ഒരു തുർക്കി വിഭവമാണെന്ന് സ്വീഡിഷ് ഗവൺമെൻറ് സമ്മതിക്കുന്നു," തുർക്കിയുടെ അന്താരാഷ്ട്ര ടെലിവിഷൻ ന്യൂസ് ചാനലായ ടി.ആര്‍.ടി വേൾഡ് പറഞ്ഞു. സ്വീഡനിലെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടായ @swedense കഴിഞ്ഞ ആഴ്ചയാണ് മീറ്റ്ബോൾസിന്‍റെ യഥാര്‍ത്ഥ ഉത്ഭവസ്ഥാനത്തെ പറ്റി ഏറ്റുപറഞ്ഞത്.

"സ്വീഡിഷ് മീറ്റ്ബോൾസുകൾ പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ തുർക്കിയിൽ നിന്നും ചാൾസ് പന്ത്രണ്ടാമൻ രാജാവ് കൊണ്ടു വന്ന ഒരു പാചകക്കുറിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്," സ്വീഡന്‍ പറഞ്ഞു. ഔദ്യോഗിക വിശദീകരണം പ്രത്യക്ഷത്തില്‍ ഒരു കാരണവും ഇല്ലാതെ പെട്ടെന്നുളള ഒന്നായിരുന്നു. ചാൾസും അദ്ദേഹത്തിന്‍റെ കൂടെ ബാക്കി വന്ന സൈന്യവും 1709-ൽ റഷ്യക്കെതിരായുള്ള ഒരു പ്രധാന യുദ്ധത്തിനു ശേഷം അന്ന് ഓട്ടോമാൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന മൊള്‍ഡോവയിൽ അഭയം തേടിയതായി സ്വീഡനിലെ ഉപ്പ്സാല സർവകലാശാലയിലുള്ള സാഹിത്യ വകുപ്പിലെ ആനി മാറ്റ്സസൺ തുർക്കിയിലെ അനഡോളു ഏജൻസിയോട് പറഞ്ഞു.

"വടക്കൻ സിംഹം " “സ്വീഡിഷ് കൊളളിമീൻ” എന്ന പേരുകളിലൊക്കെ അറിയപ്പെട്ടിരുന്ന ചാൾസിന് 1697-ൽ തന്‍റെ 15 മത്തെ വയസ്സിൽ രാജാവായതിനു ശേഷം നടത്തിയ റഷ്യയോടുള്ള ഏറ്റുമുട്ടലിൽ വിജയം നേടാനാവാതെ ആറ് വർഷത്തോളം തുർക്കിയിലും, പരിസരപ്രദേശത്തും നാടുവിട്ട് താമസിക്കേണ്ടിവന്നു.

പ്രാദേശിക ഭക്ഷണത്തിനോട് അദ്ദേഹത്തിന് പ്രിയമുണ്ടാവുന്നത് അപ്പോൾ മുതലാണ്‌. പിന്നീട് 1714-ൽ സ്വീഡനിലേക്ക് തിരിച്ചുപോവുമ്പോൾ, പല തുർക്കി വിഭവങ്ങളുടെ പാചകക്കുറിപ്പുകളും ചാൾസിന്‍റെ കൈവശം ഉണ്ടായിരുന്നു. തുര്‍ക്കിയിലെ കൊഫ്ത്ത മീറ്റ്ബോളുകളായി സ്വീഡനില്‍ അവതരിക്കുന്നത് അങ്ങിനെയാണ്. ഡാനിഷ്-അധിനിവേശ സ്ഥലമായിരുന്ന നോർവേയെ ആക്രമിച്ചപ്പോൾ തലയില്‍ വെടിയേറ്റ്‌ 1718-ൽ വധിക്കപ്പെട്ട ചാൾസ് ആണ് തുര്‍ക്കിയിലെ കാപ്പി കുടിയ്ക്കുന്ന രീതികളും സ്വീഡനിൽ പ്രചാരത്തിലാക്കിയത്.


Sort by