ഈയുഗം ന്യൂസ് ബ്യൂറോ
April 24, 2018 Tuesday 01:24:17pm
ലണ്ടന്‍: പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയത്തിന് കൃത്യവും വിശ്വസനീയവുമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായി ശാസ്ത്രജ്ഞന്മാർ.
പ്രോസ്റ്റേറ്റ് ട്യൂമറുകൾ കണ്ടെത്തുന്നതിന് “ഷിയര്‍ വേവ് എലാസ്റ്റോഗ്രാഫി” എന്ന അൾട്രാസൗണ്ട് നടപടിക്രമം ഉപയോഗിച്ചതായി ബ്രിട്ടിനിലെ ഡണ്ടി സർവകലാശാലയിലുള്ള ഒരു ഗവേഷണസംഘം പറയുന്നു. നിലവിലെ പരിശോധനരീതികളെ അപേക്ഷിച്ച് ശരീരകോശങ്ങളെയും സിരകളെയും ബാധിക്കാത്തതും, വിലകുറഞ്ഞതുമാണ് പുതിയ വിദ്യ.
പ്രോസ്റ്റേറ്റ് ക്യാൻസർ ബ്രിട്ടനിലുള്ള പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസറാണ് ഇപ്പോള്‍. എട്ട് പുരുഷന്മാരിൽ ഒരാൾക്ക് ഈ രോഗം കാണുന്നുണ്ട്. ഓരോ വർഷവും 47,000 പുതിയ കേസുകളാണ് ഡോക്ടർമാരുടെ മുന്നില്‍ എത്തുന്നത്. കുടുംബത്തിൽ മറ്റുള്ളവര്‍ക്ക് ഉണ്ടായിട്ടുള്ളവര്‍ക്കും, 50 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും, കറുത്തവർഗ്ഗക്കാർക്കും രോഗം വരാൻ സാദ്ധ്യത കൂടുതലാണ്.
"പ്രോസ്റ്റേറ്റ് കാൻസറിൻറെ ഇപ്പോഴത്തെ രോഗനിർണയം ഫലപ്രദമല്ല; പല രോഗികൾക്കും ഇതുമൂലം അനാവശ്യ ചികിത്സകൾ ചെയ്യേണ്ടിവരുന്നു," ഡണ്ടി യൂണിവേഴ്സിറ്റി സംഘത്തിന്റെ നേതാവ് പ്രൊഫ. ഗുലാം നാബി പറഞ്ഞു. "ഞങ്ങളുടെ പുതിയ രീതി ഇപ്പോൾ ഉള്ളതിനേക്കാളും കൃത്യതയാർന്നതാണ്,” അദ്ദേഹം പറയുന്നു.
പുരുഷ പ്രത്യുല്പാദന വ്യവസ്ഥയിലെ വാൽനട്ടിൻറെ രൂപവും വലുപ്പവുമുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. പ്രോസ്റ്റേറ്റ് അർബുദ ബാധിതമാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള ഇപ്പോഴത്തെ രീതികൾ ശാരീരികമായ പരിശോധനയൊ, എം.ആർ.ഐ സ്കാനുകളോ, കെമിക്കൽ പ്രോസ്റ്റേറ്റ് നിർദ്ദിഷ്ട ആന്റിജന്റെ അളവ് നിർണ്ണയിക്കാനുള്ള ബയോപ്സിയൊ ആണ്. പക്ഷെ അവയ്ക്ക് ഓരോന്നിനും അതിന്റെതായ പ്രശ്നങ്ങളുണ്ട്.